Thursday, February 6, 2014

രാധക്കായി

 "വിളിച്ചുകൊണ്ട് വരാം അല്ലേ?" ഒരു നിമിഷം മറുപടിക്കായി കാത്തു എന്നിട്ടും അവിടെ നിശബ്ദത മാത്രം. ചോദ്യം ആവര്‍ത്തിക്കാന്‍ തന്നെ ജിനു തീരുമാനിച്ചു. "വിളിച്ചുകൊണ്ട് വരാം അല്ലേ?". വീണ്ടും നിശബ്ദത തന്നെ. ഇനി ചോദിച്ചിട്ട് കാര്യമില്ലായെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അവന്‍ മെല്ലെ മുറ്റത്തേക്കിറങ്ങി നടന്നു.

റോഡിലേക്ക്‌ നടന്നകലുന്ന അവനുപിന്നില്‍ ഒരു സ്ത്രീരൂപം പ്രത്യക്ഷപെട്ടു. കാഴ്ചയില്‍ അറുപത് വയസ്സുതോന്നിക്കുന്ന, മുന്നില്‍ ഉള്ള നാല് പല്ലുകള്‍ നഷ്ടമായ, ജരാനരകള്‍ ബാധിച്ച ആ സ്ത്രീരൂപം ദൂരേക്ക്‌ അകലുന്ന മകനെ ഇമചിമ്മാതെ നോക്കി നിന്നു. 

'രാധ' അതായിരുന്നു അവളുടെ നാമം. 'കൃഷ്ണനെ നഷ്ടമായ ദുഃഖത്തില്‍ വൃന്ദാവനത്തിലെ പൈക്കളോടുപോലും പായാരം ചൊല്ലാതെ നടന്ന അതേ രാധയോ ഇവള്‍?' എന്ന് ഇവളെ കാണുന്ന ഏവരും ചിന്തിച്ചിരിക്കും. കൃഷ്ണന്‍റെ രാധയുടെ സ്ഥായീഭാവം വിരഹത്തില്‍ കുതിര്‍ന്ന വേദനയായിരുന്നുവെങ്കില്‍ ഇവളില്‍ അത് വേദനയില്‍ ചാലിച്ച വേദനകള്‍ തന്നെ ആയിരുന്നു.

പാകമാകും മുന്‍പവള്‍  പ്രണയിനിയായി, പ്രണയത്തിലാവും മുന്‍പവള്‍ പ്രേയസിയായി,ഗര്‍ഭപാത്രം നിറഞ്ഞപ്പോളോ വെറുംചണ്ടിയുമായി. ഇതായിരുന്നു രാധയുടെ ജീവിതം. പാവാടപ്രായത്തില്‍ വിദ്യാലയത്തിലേക്കുള്ള വീഥികളില്‍ തന്നെ പിന്തുടര്‍ന്ന ഗോവിന്ദന്‍റെ സ്വരശുദ്ധ  കണ്ഠത്തില്‍ പ്രണയം കണ്ടെത്തിയപ്പോള്‍ അവര്‍ ഒന്നിച്ചു പറഞ്ഞു 'നമ്മള്‍ രാധാകൃഷ്ണന്മാര്‍!' വീട്ടിലെ എതിര്‍പ്പുകള്‍ വകവെക്കാതെ ഗോപാലനില്‍ അലിയാനായി ഇറങ്ങുമ്പോള്‍, അമ്മയുടെ കണ്ണീരിനെ വഞ്ചിക്കാന്‍ അവള്‍   സ്വയം മന്ത്രിച്ചു "യുഗാന്തരങ്ങളായി സഫലമാകാതെ പോയ ആ ദൈവീക പ്രണയം സഫലമാക്കുകയാണിന്നു ഞാന്‍, എന്‍റെ ഗോപാലനുമൊത്ത്"

രാസക്രീഡകളാടിയും ഗാഥകള്‍ പാടിയും നടനം നടത്തിയും അവര്‍ ചരിത്രത്തെ പുച്ഛിച്ചു. രാസകേളികള്‍ക്കൊടുവിലവര്‍ അറിഞ്ഞു ആ വയറിലെ രാസമാറ്റം. ഉദരത്തില്‍ ചെവി ചേര്‍ത്ത്‌ ഗോവിന്ദന്‍ അരുളി 'ചരിത്രത്തെ ഇനി നമ്മള്‍ കൊഞ്ഞനം കുത്തണം. ചരിത്രത്തില്‍ ഗോവിന്ദപുത്രന്‍ പ്രദ്യുത്മനന്‍ ആവാം എന്നാല്‍ എനിക്ക് എന്‍റെ മകന്‍ 'ജിനു' എന്നറിയണം". 

വളരുന്ന ജീവനെ വഹിക്കുന്ന ജടരത്തിന്റെ വലുപ്പം ക്രീടകള്‍ തടഞ്ഞപ്പോള്‍ അവള്‍ അറിഞ്ഞില്ല, ചരിത്രം ആവര്‍ത്തിക്കപെടാനുള്ള തിടുക്കത്തിലാണെന്ന്. കണ്ണുചിമ്മാതെ ഗോവിന്ദന് വേണ്ടി കാത്തിരുന്ന വൃന്ദാവന രാത്രികള്‍ അവളില്‍ വീണ്ടും നിറഞ്ഞു. രാധ ക്രീഡയാടിയ ഗോവിന്ദന്‍റെ രാത്രികളില്‍ ഇപ്പോള്‍ രാധ ഇല്ല; പകരമെത്തിയതോ  ശ്രീദേവിയും. 'കണ്ണന്‍റെ ജിവിതത്തില്‍ ലക്ഷ്മി എത്തിയാല്‍ പിന്നെ രാധക്ക് എന്ത് സ്ഥാനം?' ആ വീട്ടില്‍ നിന്നും ഒപ്പം ഗോവിന്ദന്‍റെ മനസ്സില്‍ നിന്നും  ഇറങ്ങുമ്പോള്‍ അവള്‍ ഓര്‍ത്തിരുന്നു 'ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതാണ്'. അവളുടെ വേദനക്ക്‌ കൂട്ടായി കാലങ്ങളുടെ രണ്ടറ്റങ്ങളില്‍ ഇരുന്ന് കാളിന്ദിയും കബനിയും അവള്‍ക്കൊപ്പം കരഞ്ഞിരിക്കാം.

പ്രസവവേദനയേക്കാള്‍ അവളെ കരയിച്ചത് ഗോവിന്ദനെ നഷ്ടമായതതില്‍ ഉണ്ടായ ദുഃഖം ആയിരുന്നു. കണ്ണന്‍റെ ദൂതുമായി വൃന്ദാവനത്തില്‍ രാധയെ തേടി അക്രൂരന്‍ എത്തിയ പോലെ തന്നെ തേടി അക്ക്രൂരന്‍ വീണ്ടുമെത്തുമെന്നവള്‍ വിശ്വസിച്ചു. പക്ഷേ, ആരും തന്നെ എത്തിയില്ല. മണിക്കൂറുകള്‍ നിമിഷത്തിന്റെ വേഗത്തില്‍ കടന്നു പോയി. താന്‍ ജന്മം നല്‍കിയ പുത്രന്‍ ഇന്ന് പിതാവായിരിക്കുന്നു പക്ഷേ അവന്‍ അവന്‍റെ അച്ഛനെ കാണാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ആ രുക്മിണി അവതാരവും പുത്രന്മാരും തടഞ്ഞു. രാധേയനും രാധയും കണ്ണീരില്‍ കുതിരാതെ  നിദ്രയെ പുല്കിയിരുന്നില്ലാ ഒരിക്കലും. 

അക്രൂരന്‍ ദൂതുമായി എത്തിയപോലെ ഇപ്പോള്‍ 'ആ ക്രൂരമായ വിധി' കണ്ണന്‍റെ വാര്‍ത്തയും ആയി എത്തിയിരിക്കുന്നു. ഗോവിന്ദന്‍ ഇപ്പോള്‍ പടിക്ക് പുറത്തായിരിക്കുന്നു പോലും. തമ്മില്‍ തല്ലി ഇല്ലാതായ യദുകുലം പോലെ

സ്വത്തുപങ്കിട്ടപ്പോള്‍ അച്ഛനെ പങ്കിടാതെ അഭിനവ യാദവര്‍ തല്ലിപ്പിരിഞ്ഞു. . വിധിയെന്ന വേടന്റെ അമ്പേറ്റ് കാലുകള്‍ തളര്‍ന്ന ഗോവിന്ദന്‍ അരയാലിന്‍ ചുവട്ടില്‍ അന്തി ഉറങ്ങുന്നുവെന്ന വാര്‍ത്ത രാധയെ വീണ്ടും കരയിപ്പിച്ചിരിക്കുന്നു. അമ്മയുടെ കണ്ണീര്‍ കണ്ട പുത്രന് പിന്നെ അത് ചോദിക്കാതെ ഇരിക്കാന്‍ ആയില്ല 

 "വിളിച്ചുകൊണ്ട് വരാം അല്ലേ?"

ആ ചോദ്യത്തിന് എന്തുകൊണ്ടോ മറുപടി നല്‍കാന്‍ രാധക്ക് ആയില്ല. മനസ്സില്‍ നിറഞ്ഞ സന്തോഷമോ അതോ ഗോവിന്ദന്‍റെ അവസ്ഥയില്‍ ഉള്ള സങ്കടമോ എന്തോ, അവളെ സംസാരിക്കുന്നതില്‍ നിന്നും വിലക്കി. അമ്മയുടെ ഉള്ളം അറിയാവുന ആ മകന്‍ അമ്മയുടെ മൌനാനുവാദം വാങ്ങി താതനെ തേടി അരയാലിന്‍ ചുവട്ടിലേക്ക് യാത്രയായി. അത് നോക്കി നിന്ന രാധയുടെ കണ്ണുകള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരുന്നു..

കണ്ണീര്‍ സൃഷ്‌ടിച്ച മറയിലും മുറ്റത്തേക്ക്‌ ഒരു കാര്‍ വരുന്നതവള്‍ അറിഞ്ഞു. ഡോര്‍ തുറന്ന് ഇറങ്ങുന്ന മകന്‍റെ തോളില്‍ പിടിച്ച് അയാള്‍ ഇറങ്ങി വന്നു. കലങ്ങിയ കണ്ണുകളും, ചെമ്പിച്ച താടി രോമങ്ങളും നിറഞ്ഞ ആ മുഖം ക്ഷീണിതമായിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രത്തില്‍ ചെളി നിറഞ്ഞിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ആ ശരീരത്തിനെ, തന്‍റെ നിത്യപ്രണയത്തിന്‍റെ പൂര്‍ണതയെ, രാധ തന്‍റെ കൈകളില്‍ താങ്ങി എടുത്തു. ഗോവിന്ദന്‍റെ മുരളി മുഴങ്ങിയില്ല, കണ്ഠം അനങ്ങിയില്ല പക്ഷേ നേത്രങ്ങളില്‍ നിന്നു കാളിന്ദി ഒഴുകിത്തുടങ്ങിയിരുന്നു.   

"കരയരുത്, ജന്മങ്ങളുടെ പൂര്‍ണതയാണ് ഈ നിമിഷം. ഇനി ഈ കണ്ണന്‍ രാധയുടെ മാത്രമായിരിക്കുമല്ലോ, രാധയുടെ മാത്രം"

ഗോവിന്ദനേയും മകനേയും കൂട്ടി വീടിനുള്ളിലേക്ക് രാധ നടന്നു, കണ്ണീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരിയോടെ, ഒരു മന്ദമാരുതന്‍റെ അകമ്പടിയോടെ. ആ കാറ്റിന് അമ്പാടിയിലെ രാധയുടെ കണ്ണീരിന്‍റെ ഗന്ധമായിരുന്നു. കാലചക്രം നിഷേധിച്ച തന്‍റെ പ്രണയം, സാഫല്യമടയുന്നത് കാണാന്‍ എത്തിയ രാധയുടെ ശ്വാസം നിറഞ്ഞ മന്ദമാരുതന്‍. ഇത് യുഗങ്ങള്‍ രാധക്കായി കരുതിയ പ്രണയ നീതി. 

19 comments:

  1. സംഗതി കൊള്ളാം തെമ്മാടി
    പക്ഷെ വാക്കുകൾ കൊണ്ടൊരു കൃഷ്ണലീല
    എന്നേ പറയാൻ കഴിയു

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ.....

      Delete
  2. കണ്ണീര്‍ സിഷ്ട്ടിച്ച മറകള്‍ക്കപ്പുറത്ത് ചരിത്രം മാറ്റിമറിക്കാനായി കണ്ണന്‍ എത്തിയപ്പോള്‍ ചരിത്രം തോറ്റുപോയില്ലേ ....

    ReplyDelete
  3. ...പിന്നെ അവര്‍ സസുഖം ദീര്‍ഘകാലം ജീവിച്ചു. ശുഭം

    ReplyDelete
  4. ഒരു ചരിത്രം രചിക്കുകയാണല്ലോ ചെയ്തത്. ആശംസകൾ...

    ReplyDelete
    Replies
    1. രചിക്കാന്‍ നോക്കി പക്ഷെ വിജയിച്ചോ എന്ന് അറിയില്ലാ

      Delete
  5. ജന്മങ്ങളുടെ പൂര്‍ണ്ണത.

    ReplyDelete
  6. തിരിച്ചു വരവ് ആശംസകള്‍ ..വിഗ്നേഷ് :)

    പ്രണയനീതി വിജയിക്കെട്ടെ ..

    ReplyDelete
  7. പ്രണയനീതി ലഭിച്ചല്ലോ!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  8. കഥ കൊള്ളാം... വീണ്ടും കണ്ടതില്‍ സന്തോഷംട്ടോ :)

    ആശംസകള്‍

    ReplyDelete
  9. തീവ്രപ്രണയം - അത് നിത്യസത്യം തന്നെ.

    ReplyDelete
  10. ഈ പ്രണയനീതിയോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.

    ReplyDelete
  11. ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബ്ലോഗിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷം, ഇടവേള എഴുത്തിനെ ബാധിച്ചു എന്ന് തോന്നുന്നു , ഒന്നുകൂടെ നന്നാക്കാന്‍ കഴിയും അടുത്ത പോസ്റ്റില്‍ , എഴുത്ത് തുടരുക ആശംസകള്‍.

    ReplyDelete
  12. ചില പഴയകാല പോസ്റ്റുകള്‍ ഓര്‍മ്മയില്‍ ഉള്ളതുകൊണ്ട് ,കൃഷ്ണനെ വിളിച്ചു കൊണ്ട് വരുന്നിടം വരെ ഒരു ആത്മകഥാംശം ഉണ്ട് എന്ന് കരുതിയാ വായിച്ചത്.
    എന്തായാലും എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  13. കഥ യുടെ വിഷയം പുതുമ നിറഞ്ഞതല്ല
    പക്ഷെ കഥ പറഞ്ഞ ഭാഷ പറയാൻ ഉപയോഗിച്ച പരിസരം പറഞ്ഞ ശൈലി കഥയിൽ അങ്ങോളം ഇങ്ങോളം കണ്ട ബിംബ വല്ക്കരണം എല്ലാം തന്നെ മികവിൽ മികച്ചത് എന്നെ പറയാൻ ഒള്ളൂ ആശംസകൾ

    ReplyDelete